ഉദുമ: പോലീസുകാരന് ചമഞ്ഞ് ജ്വല്ലറിയില്‍നിന്നു സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയശേഷം പണം നല്‍കാതെ മുങ്ങിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ഉദുമ റെയില്‍വേ ഗേറ്റിനു സമീപത്തെ പുഷ്പലത ജ്വല്ലറിയില്‍നിന്ന് 2,60,500 രൂപ വിലമതിക്കുന്ന 16.200 ഗ്രാം സ്വര്‍ണാഭരണങ്ങളാണു നഷ്ടപ്പെട്ടത്. പ്രതിയായ മനുവിനെ കണ്ടെത്താൻ ബേക്കല്‍ പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.
27ന് ഉച്ചയ്ക്ക് ഒന്നോടെയാണു പ്രതി ജ്വല്ലറിയിലെത്തിയത്. ബേക്കല്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരന് അഖില്‍രാജ് ആണെന്നാണു പരിചയപ്പെടുത്തിയത്. ഉടമയുടെ വീടിനടുത്തുള്ള പോലീസുകാരുടെ പേരുകള്‍കൂടി പറഞ്ഞതോടെ പ്രതിയെ വിശ്വാസത്തിലെടുത്ത ജ്വല്ലറി ഉടമ സ്വര്‍ണം നല്‍കുകയായിരുന്നു.
സ്വര്‍ണം വാങ്ങിയശേഷം പണം ബാങ്ക് അക്കൗണ്ട് വഴി നല്‍കാമെന്നു വിശ്വസിപ്പിച്ചു. വിശ്വാസ്യത ഉറപ്പാക്കാന്‍ ചെറിയ തുകകള്‍ അക്കൗണ്ടിലേക്ക് അയയ്ക്കുകയും ചെയ്തു. എന്നാല്‍ മുഴുവന്‍ തുകയും അയച്ചു എന്ന് വിശ്വസിപ്പിച്ച് മെസേജ് ലഭിക്കാത്ത സാഹചര്യത്തില്‍ സെര്‍വര്‍ തകരാറാണെന്നു പറഞ്ഞ് പ്രതി കടന്നുകളയുകയായിരുന്നു.